ഓണനിലാവൊളി
(ലളിതഗാനം)
……………………….
രാമായണമാസം പരിപൂതമാക്കിയ
ശ്യാമമനോഹരസന്ധ്യകളിൽ
ആവണിത്തെന്നലിൻ പൂവിളി കേൾക്കുവാൻ
കാതോർത്തിരിക്കുന്ന വേളകളിൽ
കരിമുകിൽ കൂടൊഴിഞ്ഞ നീലാംബരവീഥിയിൽ
ഓണാനിലാവൊളി വീശിയ യാമങ്ങൾ
താരകകന്യകൾ താലങ്ങളേന്തി
മാവേലിത്തമ്പുരാനെ വരവേൽക്കുന്നു
പുത്തരിനെല്ലിന്റെ പൂമണംപേറി
തിരുവോണപ്പുലരി വിടർന്നുവന്നു
കൃഷ്ണപ്പൂവുകൾ കൺതുറന്നു
ഒരുമതൻ സന്ദേശം മുഴങ്ങിയെങ്ങും
കോകില വാണികൾതൻ നാദസരോവരം
കോരിത്തരിക്കുന്ന മാമലനാട്ടിലെ
മാനവർക്കാമോദമമൃതവർഷം
മാവേലിനാടിന്റെയാത്മഹർഷം.
…………………….
അശോകൻ മീങ്ങോത്ത്,
