
യുദ്ധം ശരണം ഗച്ഛാമി
………………………
അശോകൻ മീങ്ങോത്ത്
………………………
ആനന്ദക്കടലുകടഞ്ഞ്
അമൃതേത്തുനടത്തുന്നവരേ
അവലോകനമറിയിക്കാനായ്
അരികിൽവന്നെത്തുന്നവരേ
ചാരപ്പണിയറിന്നോരോ
ടൊരു മാത്ര പുലമ്പാനുണ്ട്
അതുമാത്രം മതിയിനിയുലകിൽ
പിന്തുടരാൻ കൊന്നുമുടിക്കാൻ
എങ്ങാണ്ടൊരു വനരാജേന്ദ്രനെ
നായാടി നശിപ്പിക്കാനായ്
വനമാകെ മുടിക്കുന്നല്ലോ
വനാരോദനമല്ലിതു സത്യം
അരവയറു നിറക്കാനായി
അടിമപ്പണിചെയ്യുന്നവരെ
അടിപതറാതടിയോടടി, യടിയവരുടെ
കരിയുന്ന ജഡങ്ങൾ കാണാൻ
കണ്ണീരിനിയെവിടെത്തിരയാൻ?
നഗരങ്ങളിൽ നരനായാട്ട്
തീമഴയിൽ തീരുന്നെങ്ങും
കുഞ്ഞുങ്ങൾ കരയുന്നേരം
കേൾക്കാത്തൊരു കുശലന്മാരേ
വീടുകളിൽ പട്ടിണി മാറ്റാ
നാരുവരും കനിവുള്ളവരായ്
അഭിലാഷക്കുരുതികൾ തീർന്നാൽ
രണനീതികൾ തീർപ്പാക്കുന്നവർ
അധികാരക്കൈമാറ്റങ്ങൾ
തുടരുന്നൊരു ചരിതം മാത്രം
കൊല്ലാനും കൊല്ലിക്കാനും
വിരുതുള്ളവർ മാന്യന്മാരായ്
വിലസുന്നൊരു കാലം തീരാൻ
ഉലകിൽ നാമൊന്നിക്കുന്നൊരു കാലം വരുമോ,
ഉരിയാടാനുള്ളൊരു സ്വാതന്ത്ര്യം തരുമോ?