25/01/2026
ഞായറാഴ്ച

വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജനുവരി 25, ജന്മം നൽകിയ മാതാവിൻ്റെ വേർപാട്, അത് ഏൽപ്പിച്ച ഹൃദയവേദന എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്ന് ഇപ്പോഴും ഓർക്കുന്നു. ജീവിത സാഹചര്യങ്ങളോട് പൊരുതി അതിജീവനം സാധ്യമാക്കുന്ന മനുഷ്യരുടെയിടയിൽ അമ്മയുടെ സ്ഥാനം അഗ്രഗണ്യമാണ്. നാലുവയസ്സ് പ്രായമുള്ളപ്പോൾ പിതാവ് മരിച്ച അമ്മയെയും കുടുംബത്തെയും അവരുടെ മാതൃപിതാവ് കുന്നുമ്മൽ അമ്പാടിയെന്ന സംസ്കൃത പണ്ഡിതനും ആയുർവേദാചാര്യനുമായ തിയ്യപ്രമുഖൻ മീങ്ങോത്തെ തന്റെ വസതിയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് വീടിനടുത്ത് തന്നെ മറ്റൊരു ഭവനം പണിതു. കുന്നമ്മൽ കുഞ്ഞാതയെന്ന എൻ്റെ പ്രമാതാവിനെയും വെള്ളച്ചി, മാധവി, രാമൻ, കല്യാണി, ചോയി എന്നിവരെയും അതിൽ പാർപ്പിച്ചു.
ജന്മി കുടിയാൻ കാലഘട്ടത്തിൽ ബേഡകം ഗ്രാമത്തിലെ നീർക്കയത്ത് ഒരു കുന്നിൻചെരിവിലെ വിശാലമായ കൃഷിയിടവും വനപ്രദേശവും ഉൾപ്പെട്ട പ്രദേശത്തെ തിയ്യ കുടുംബത്തിലാണ് അമ്മ പിറന്നത്. മീങ്ങോ ത്തുനിന്നും അവിടേക്ക് പത്ത് കിലോമീറ്റർ ദൂരമേയുള്ളൂ.
വന്യമൃഗങ്ങളും ഇഴജന്തുക്കളും വസിച്ചിരുന്ന ആ പ്രദേശം വെട്ടിത്തെളിച്ച് കൃഷിയിടമാക്കാൻ കുന്നുമ്മൽ അമ്പാടിയെന്ന എൻ്റെ പ്രമാതൃപിതാവ് മുൻകൈയെടുത്തു. അക്കാലത്ത് കീർത്തികേട്ട ഭിഷഗ്വരനായിരുന്നതിനാൽ ജന്മികുടിയാൻ കാലഘട്ടത്തിലും സ്ഥാനമാനങ്ങൾ നൽകിയിരുന്നു. കോടോത്തു ജന്മിമാരുടെ അധീനതയിലായിരുന്നു ആ സ്ഥലം. അധ്വാനത്തിൻ്റെ അനന്തരഫലം ഒരു പൂങ്കാവനമാക്കി മാറ്റിയെടുത്ത ആ സ്ഥലം അമ്മയുടെ അച്ഛൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ അനുജന്മാരുടെ കൈവശം വന്നുചേർന്നു. അമ്മയുടെ അച്ഛനായിരുന്നു മൂത്ത ആൾ എന്ന നിലയിൽ കുടുംബത്തിൻ്റെ കാരണവർ. നല്ല ഒരു കൃഷിയിടവും വീടും നിർമ്മിച്ച് കൂട്ടുകുടുംബമായി അധിവസിച്ചിരുന്ന അവർ കോടോത്തു ജന്മികൾക്കായിരുന്നു
കരം കൊടുത്തിരുന്നത്. ഒരു വയനാട്ടുകുലവൻ ദേവസ്ഥാനവും അവിടെയുണ്ട്. സമൃദ്ധമായ ജലസ്രോതസ്സ് കൃഷിക്ക് അനുയോജ്യമായിരുന്നു.
അമ്മയുടെ അച്ഛന്റെ പേര് കരിപ്പിരൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻമാരായ കോരൻ, കുറുക്കൻ, രാമൻ എന്നിവരെ ഇപ്പോഴും ഓർമ്മയുണ്ട്. ഇന്ന് ആരും ജീവിച്ചിരിപ്പില്ല. അമ്പതേക്കറോളം ഭൂമി അവർ കൃഷിയും കന്നുകാലിവളർത്തലുമായി യഥേഷ്ടം ഉപയോഗപ്പെടുത്തി.
മഹോദരം പിടിപെട്ടു മരിച്ച അമ്മയുടെ അച്ഛന്റെ സ്ഥാവരജംഗമവസ്തുക്കൾ അന്തരവൻമാരുടെ അധീനതയിലായി. പിൽക്കാലത്ത് ഭൂപരിഷ്കരണം വന്ന് കൃഷിഭൂമി കർഷകനിൽ എത്തിച്ചേർന്നപ്പോഴും മഹാഭാരതകഥയിലെന്നപോലെ സൂചികുത്താനുള്ള സ്ഥലം പോലും മൂത്ത ആളുടെ മക്കൾക്ക് കൊടുത്തില്ല.
വളരെ ചെറുപ്പത്തിൽത്തന്നെ അമ്മയെ ഇന്നത്തെ ബേഡകം ഗ്രാമത്തിലെ ബേളന്തടുക്കത്തേക്ക് വിവാഹം ചെയ്തുകൊണ്ടുപോയി. അച്ഛൻ അന്ന് വലിയ പാറയിൽ ചോയിച്ചി എന്ന ബന്ധത്തിൽപ്പെട്ട സഹോദരിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം. അച്ഛന്റെ സഹോദരി മൊട്ടമ്മൽ തമ്പായി എന്ന എന്റെ മൂത്തമ്മ ഞങ്ങളുടെ നാട്ടിലായിരുന്നു. അവർ മുഖേനയാണ് അമ്മയുമായുള്ള പുടവമുറിക്കുള്ള ആലോചനയുണ്ടാവുന്നത്.
തീയർക്ക് ചില പ്രത്യേക തൊഴിലുകൾ പരമ്പരാഗതമായിത്തന്നെ നിക്ഷിപ്തമായിട്ടുണ്ട്. അത്തരം തൊഴിലുകൾ ചെയ്ത് തീയ്യ കുടുംബത്തിന് ഭേദപ്പെട്ട ജീവിതമായിരുന്നു. അതിൽ ഒന്ന് തെങ്ങിൽനിന്നും കള്ള് ഉണ്ടാക്കുകയായിരുന്നു.
തെങ്ങിൽനിന്നും തേങ്ങയിടലും കന്നുകാലിവളർത്തലും കൃഷിക്കൊപ്പം തിയർക്കു മാത്രമുള്ള തൊഴിലായിരുന്നു. തെങ്ങിൻകള്ളു വാറ്റി ചക്കരയുണ്ടാക്കാനും പഴവർഗ്ഗങ്ങളിൽ നിന്നും വാറ്റുചാരായമുണ്ടാക്കാനും പാരമ്പര്യമായിത്തന്നെ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു അവർ.
എന്റെ ജനനത്തിനുശേഷം അധികകാലം അവർ ബേളന്തടുക്കത്തു താമസം തുടർന്നില്ല. അവിടെ സ്വർണ്ണപ്പണിക്കാരായ ചെട്ടിമാരുമായി ഉണ്ടായ കലഹത്തെത്തുടർന്ന് അച്ഛൻ മീങ്ങോത്തെ സഹോദരിയുടെ അടുക്കൽ വന്നു. ഞാനും അമ്മയും എന്റെ പ്രമാതാമഹി ദിവംഗതയായ കുന്നുമ്മൽ കുഞ്ഞാത എന്ന അമ്മയാണ് ഞാനിപ്പോഴും ഈ ലോകത്ത് ജീവിക്കാൻ കാരണം. ശൈശവത്തിൽ മരണം പലപ്പോഴും ആശ്ലേഷിക്കാൻ ശ്രമിച്ച എന്നെ ജീവിതത്തിന്റെ അരുണിമയിലേക്ക് തിരിച്ചു കൊണ്ടുവന്നത് എന്റെ പ്രമാതാമഹിയായിരുന്നു. ബാല്യകൗമാര കാലഘട്ടത്തിലും പലവിധ രോഗങ്ങളുടെയും പിടിയിലായിരുന്നു ഞാൻ.
എന്റെ അമ്മയ്ക്ക് രണ്ടു പെൺമക്കൾ കൂടി പിറന്നു. വസന്തിയും അംബികയും ആ വീട്ടിൽ തന്നെ വളർന്നു. 1982 കാലഘട്ടത്തിൽ എന്റെ അച്ഛൻ സ്വസഹോദരി കൊടുത്ത സ്ഥലത്ത് ചെറിയൊരു പുര പണിത് അമ്മയെയും സഹോദരിമാരെയും അവിടേക്ക് കൊണ്ടുപോയി. അച്ഛനു അമ്പലത്തറയിൽ ഒരു അനാദിക്കടയുണ്ടായിരുന്നു.
ഞങ്ങൾക്കു ഒരനുജൻ കൂടി പിറന്നു. അവൻ പിച്ചവച്ചു നടന്നു തുടങ്ങിയപ്പോഴേക്കും പിതാവ് വിട്ടുപിരിഞ്ഞു. ഞാൻ പ്രിഡിഗ്രിക്ക് പഠിക്കുകയായിരുന്നു അപ്പോൾ. ജീവിതത്തിലെ ഏറ്റവും വലിയ ആഘാതങ്ങളിലൊന്നായിരുന്നു അത്. ഹൃദയാഘാതത്തെത്തുടർന്നുള്ള അച്ഛന്റെ മരണം ജീവിതം സങ്കീർണ്ണമാക്കിയ നിമിഷങ്ങളിൽ സഹായത്തിനുണ്ടായിരുന്നത് ഗൾഫിലായിരുന്ന അമ്മാവനായിരുന്നു. അമ്മാവനാണ് ഞങ്ങൾക്ക് മാർഗ്ഗദർശനവും തണലും നൽകിയിരുന്നത്
ബിരുദപഠനത്തിനുശേഷം കുടുംബത്തിന് ആശ്രയമാകാൻ ഒരു തൊഴിൽ നിർബന്ധമാണെന്ന തിരിച്ചറിവ് എന്നെ ഗൾഫിലേക്ക് പറിച്ചു നടാൻ പ്രേരിപ്പിച്ചു. എന്റെ ഒരു ജ്യേഷ്ഠസഹോദരൻ, എന്റെ അമ്മയുടെ ജ്യേഷ്ഠസഹോദരിപുത്രൻ ലോഹിയേട്ടൻ സ്വന്തം ചെലവിൽ എന്നെ ഗൾഫിലെത്തിച്ചു. ഒട്ടേറെ സാഹസങ്ങൾ സഹിച്ചാണ് അവിടെ ഒരു ജോലികിട്ടിയത്.
ദയനീയമായ കുടുംബ പശ്ചാത്തലത്തെ അതിജീവിക്കാൻ ഏറെ പാടുപെടേണ്ടിവന്നു. സ്വന്തമായി പറമ്പോ, മണ്ണോ, മറ്റു വരുമാന മാർഗ്ഗങ്ങളോ ഇല്ലാത്ത ഒരു സാധാരണ ഇന്ത്യക്കാരനും മാന്യമായി ജീവിക്കാമെന്നതാണ് ജീവിതം എന്നെ പഠിപ്പിക്കുന്നത്.