കഥ
……………………………………………………….
അശോകൻ മീങ്ങോത്ത്
1
ചെമ്മൺനിരത്തിലൂടെ നടക്കുമ്പോൾ പ്രകാശന്റെ കാലിരടി ചോരപൊട്ടി. വലത്തെ ചുണ്ടൻവിരലിലെ നഖം അടർന്നുപോയിരുന്നു. നിരത്തിലൂടെ കണ്ണുകാണാതൊഴുകുന്ന മഴവെള്ളത്തിനു നിറം പകർന്ന് അമ്മയുടെ കൈപിടിച്ച് അവൻ നടന്നു.
റേഷൻ കടയിൽ അധികം തിരക്കുണ്ടായിരുന്നില്ല. നനഞ്ഞ സഞ്ചിയിൽനിന്നും കാർഡെടുത്ത് അവൻ മേശപ്പുറത്തുവെച്ചു. റേഷൻകടയിലെ ‘ഉദ്യോഗസ്ഥൻ’ അട്ടിയിട്ട കാർഡുകൾ മറിച്ചുവെച്ച് പേരുവിളിച്ചു. ചുമ്മിണി ഡപ്പിയുമായി അവൻ അമ്മയുടെ അരികിൽ നിന്നു. ഇടയ്ക്ക് കാലിലെ മുറിവ് നോക്കി നെടുവീർപ്പിട്ടു.
“കുന്നേ, കാലിലെന്തായിനെടാ? ”
മരക്കസേരയിലിരുന്ന് അവനെ ശ്രദ്ധിക്കുകയായിരുന്ന കേശവ്ജി ചോദിച്ചു.
” കാലിലെരടീന്. ” അമ്മ പറഞ്ഞു.
കേശവ്ജി പ്രകാശനെ അടുത്തേക്കു വിളിച്ചു. റേഷൻകടയോട് തൊട്ടുതന്നെയായിരുന്നു തുണിപ്പീടിക.
“വാ ഈടിരിക്ക് ” അവൻ വലിയ മരബെഞ്ചിൽ ഇരുന്നു. കേശവ്ജി ഒരു കോറത്തുണി കീറി. ഒരുകഷണംകൊണ്ട് ചോര തുടച്ചു.
“എടാ ഗോപാലാ. ഇങ് വാ. ഇതൊന്നു കെട്ട്. “
ടൈലർ ഗോപാലൻ പണിനിർത്തി അടുത്തുവന്നു. വിരലിൽ കോറത്തുണിപോതിഞ്ഞുകെട്ടി. ഒരു കഷണം തുണി പ്രകാശന്റെ കയ്യിൽ കൊടുത്തു.
“വീട്ടിൽ പോയി തോർത്തീറ്റ് ഈ തുണി കെട്ടണം ട്ടോടാ . വെള്ളം കൊള്ളിക്കണ്ട. “
സ്കൂൾ തുറക്കുന്നതിനു മുമ്പ് തുണി വാങ്ങിയ വകയിൽ കേശവ്ജിക്കു കടം ബാക്കിയുണ്ട്. നാട്ടിപ്പണിതുടങ്ങിയാൽ അമ്മയ്ക്ക് പൈസ കിട്ടും. നാട്ടിലെ ഒരേയൊരു തുണിപ്പീടികയാണ് അത്. കേശവ്ജി എല്ലാവർക്കും കടം കൊടുക്കും.
2
കേശവ്ജി പത്രവുമായി അവിടെ നിൽക്കുന്നുണ്ടാവുമെന്നു വിചാരിച്ചുതന്നെയാണ് റേഷൻകടയുടെ മുമ്പിലൂടെ നടന്നത്. കുട്ടികളുടെ ഇടയിൽ പ്രകാശനെ അദ്ദേഹം കണ്ടെടുത്തു.
” ഏയ് കുന്നേ , ഇന്നലേടപ്പോയിനെടാ? “
രണ്ടുദിവസത്തെപത്രം മടക്കിക്കെട്ടി കേശവ്ജി പ്രകാശന്റെ കൈയ്യിൽ കൊടുത്തു. മൂന്നു വീടുകളിലേക്കുള്ള പത്രങ്ങളുണ്ട്. മുകളിലുള്ളതിന് ചുരുളൻ അക്ഷരങ്ങളിൽ കുന്ന് എന്നെഴുതിയിട്ടുണ്ട്.
പത്രങ്ങൾ കൊണ്ടുപോകാൻ പ്രകാശന് വലിയ ഉത്സാഹമാണ്. തലക്കെട്ടുകൾ അവൻ വായിക്കും. കുട്ടികളോടും മുതിർന്നവരോടെന്നപോലെയാണ് അദ്ദേഹം സംസാരിക്കുക. ഒരിക്കൽ അവൻ അമ്മയോട് ചോദിച്ചു:
“ഓർക്ക് ഈ തുണിയെല്ലാം ഏടന്ന് കിട്ടുന്ന്?”
“കാഞ്ഞങ്ങാട്ന്ന് കൊണ്ടരും .”
ഒരിക്കൽ പ്രകാശനും കാഞ്ഞങ്ങാട് പോയിട്ടുണ്ട്. അവിടെ കുറെ തുണിപ്പീടികകളുണ്ട്. കടം കിട്ടില്ല. കേശവ്ജിക്കു കൊരട്ടകാലത്ത് പൈസ കൊടുത്താൽ മതി.
3
സ്വാതന്ത്ര്യദിനത്തിൽ കേശവ്ജിയുടെ മക്കൾ സ്കൂളിൽ മിഠായിയുമായി എത്തി. സ്കൂളിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരാൾ വന്നിട്ടുണ്ടായിരുന്നു
” അതാരെന്നറിയോ? ” സഹപാഠി പ്രകാശനോട് ചോദിച്ചു. ” ഗാന്ധി കൃഷ്ണൻ നായർ.”
അവൻ ഗാന്ധികൃഷ്ണൻ നായരെ ആദരവോടെ നോക്കി. എല്ലാവരും എഴുന്നേറ്റുനിന്നു. അദ്ദേഹം കണ്ണട കേശവ്ജിയുടെ കൈയിൽ കൊടുത്തു . ദേശീയപതാക കൊടിമരത്തിലേക്കുയർന്നു പുഷ്പവൃഷ്ടി നടത്തി. ദേശീയ ഗാനം മാറ്റൊലികൊണ്ടു. എല്ലാവരും സല്യൂട്ട് ചെയ്തു.
ഹെഡ്മാസ്റ്റർ ഭരതൻ മാഷ് സ്വാതന്ത്ര്യസമര സേനാനികളായ ഗാന്ധികൃഷ്ണൻ നായരെയും കേശവ്ജിയെയും ആദരിച്ചിരുത്തി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായ മാന്തോപ്പ് മൈതാനിയിലെ പ്രതിഷേധസമരത്തെക്കുറിച്ച് സംസാരിച്ചു.
4
പ്രകാശനേക്കാൾ ഒരുക്ലാസു മുമ്പിലായിരുന്നുകേശവ്ജിയുടെ മകൻ പഠിച്ചിരുന്നത്. എട്ടിലെത്തിയപ്പോൾ അവൻ നഗരത്തിലെ വലിയ ഹൈസ്കൂളിലേക്കു മാറി. ചിലപ്പോഴൊക്കെ അവൻ തുണിക്കടയിൽ വന്നിരിക്കാറുണ്ടായിരുന്നു. റേഷൻ കട വലിയൊരു ഓഫീസിനേക്കാൾ പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. അവിടെ എഴുതുന്ന ആളെയും അരി തൂക്കുന്ന ആളെയും ആദരവോടെയാണ് കണ്ടിരുന്നത്.
കേശവ്ജിയുടെ മൂത്ത മകൻ അവിടെ എഴുതാനിരിക്കാറുണ്ടായിരുന്നു. വലുതാവുമ്പോൾ അതുപോലൊരു ജോലി കിട്ടണമെന്ന് പ്രകാശനും ആശിക്കാറുണ്ട്.
5
ഖദർ മുണ്ടും ജൂബയും കണ്ണടയും തോൽച്ചെരുപ്പുമാണ് കേശവ്ജിയുടെ സ്ഥിരം വേഷം. ഡപ്പിയിൽനിന്നും പുകയിലനുള്ളെടുത്ത് വിരലുകൾക്കിടയിൽവെച്ച്ഞെരിച്ച് മൂക്കിൽവലിച്ച് ശക്തമായി തുമ്മും. തോളിലെ തോർത്തുമുണ്ടുകൊണ്ട് തുടയ്ക്കും.
പത്രത്തോടൊപ്പം വരാറുണ്ടായിരുന്നു സൺഡേ സപ്ലിമെന്റ് പ്രകാശന് ഏറെ ഇഷ്ടമാണ്. സാഹിത്യ വായനയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത് അതിലൂടെയാണ്. രണ്ടുമാസത്തിലൊരിക്കൽ പത്രത്തോടൊപ്പം കൊണ്ടുപോകുന്ന കടുകട്ടി സാഹിത്യപ്രസിദ്ധീകരണം ആദ്യമൊക്കെ കൗതുകത്തോടെയാണ് തുറന്നുനോക്കിയിരുന്നത്.
ഒരു ദിവസം അമ്മ പറഞ്ഞു: “കേസോജിയുടെ മോൻ …!”
” മോനെന്തുപറ്റിയമ്മേ?”
“പൊയ്പോയി…”
എഞ്ചിനിയറിങ്ങിനു പഠിച്ചിരുന്ന മകനെ ഇടിമിന്നൽ കവർന്നെടുത്തതിൽപ്പിന്നെ അദ്ദേഹം കടയിൽ വന്നതേയില്ല. പ്രകാശന്റെ സങ്കടത്തിനു അറ്റമുണ്ടായില്ല. പിന്നീട് നിത്യതയിലേക്കു മറയുന്നതുവരെ പ്രകാശൻ അദ്ദേഹത്തെ കണ്ടതേയില്ല.
……………………………………………..